This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇറ്റാലിയന്‍ കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇറ്റാലിയന്‍ കല

Italian Art

ഇറ്റാലിയന്‍കല ആദിമക്രൈസ്‌തവകലയില്‍ നിന്നുരുത്തിരിഞ്ഞുവന്ന ഒരു നൂതനരൂപമാണെന്നു കരുതപ്പെടുന്നു. ഇതില്‍ റോമന്‍കലയുടെ പരോക്ഷമായ സ്വാധീനത ദൃശ്യമാണെങ്കിലും അതില്‍നിന്നു വ്യത്യസ്‌തവും സ്വതന്ത്രവുമായ സവിശേഷതകള്‍ പ്രകടമാണ്‌. ക്രിസ്‌തുവര്‍ഷാരംഭംമുതല്‌ക്കേ ചിത്രകല, കൊത്തുപണി, വാസ്‌തുവിദ്യ, സാഹിത്യം, സംഗീതം തുടങ്ങിയ വിവിധ കലാശാഖകളില്‍ ഇറ്റാലിയന്‍ കലാകാരന്മാര്‍ പ്രശംസനീയമായ പ്രാവീണ്യം നേടിയിരുന്നു. മഹത്തായ റോമന്‍ കലാപാരമ്പര്യത്തിന്റെ ഭഗ്നാവശിഷ്‌ടങ്ങള്‍ ഇറ്റലിയില്‍ നിലനിന്നു പോന്നിരുന്നതു നിമിത്തം അതില്‍നിന്ന്‌ നവചൈതന്യമുള്‍ക്കൊണ്ട്‌ വികസിക്കുവാന്‍ ഇറ്റാലിയന്‍ കലയ്‌ക്ക്‌ സൗകര്യം ലഭിച്ചു.

ഇറ്റാലിയന്‍ കലയുടെ പൂര്‍വസ്രാേതസ്സായ ആദിമ ക്രൈസ്‌തവകലയുടെ കാലഘട്ടം ഏതാണ്ട്‌ ഒന്നുമുതല്‍ അഞ്ചുവരെ നൂറ്റാണ്ടുകളാണെന്നു പറയാം. ഈ കാലഘട്ടത്തെ രണ്ടായി വിഭജിച്ചിട്ടുണ്ട്‌: കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മിലാന്‍ ശാസനത്തിന്‌ (313) മുമ്പും പിമ്പും. മിലാന്‍ ശാസനത്തിനു മുമ്പുണ്ടായിരുന്ന കെട്ടിടങ്ങളില്‍ ആരാധനാകേന്ദ്രങ്ങളായി ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭഗുഹകളും സെമിത്തേരികളും വാസ്‌തുവിദ്യയുടെ പ്രാരംഭമാതൃകകളായി നിലകൊള്ളുന്നു. വെണ്ണക്കല്ലുകൊണ്ടു നിര്‍മിച്ച ശവക്കല്ലറകളും ഇക്കാലത്ത്‌ പ്രചാരത്തിലിരുന്നതായി കാണാം. ഇവയിലെ ചിത്രാലേഖ്യങ്ങളില്‍ കലാപരമായ പുതുമകള്‍ കണ്ടെത്താന്‍ കഴിയുമെങ്കിലും അവയുടെ രചനയ്‌ക്കാധാരമായ പ്രമേയങ്ങള്‍ സ്വീകരിച്ചിരുന്നത്‌ മതാഖ്യാനങ്ങളില്‍നിന്നായിരുന്നു. ഇക്കാലത്ത്‌ മതപരമായ പല പീഡനങ്ങളും സഹിച്ചിരുന്ന ക്രിസ്‌ത്യാനികള്‍ക്കുമാത്രം അഭ്യൂഹിച്ചറിയുവാനാകുന്നതരത്തിലുള്ള ബിംബങ്ങളും ചിഹ്നങ്ങളുമായിരുന്നു ഈ കലാരചനകള്‍ക്ക്‌ ഉപയോഗിച്ചിരുന്നത്‌. മതമര്‍ദനങ്ങള്‍ക്ക്‌ അറുതിവരുത്തിയ കോണ്‍സ്റ്റാന്‍ന്റെന്റെ മിലാന്‍ശാസനത്തിനുശേഷം ദേവാലയങ്ങളുടെ നിര്‍മിതിയില്‍ കാര്യമായ പരീക്ഷണമുണ്ടായി; ബസിലിക്കകള്‍ ഇതിനുദാഹരണമാണ്‌. ശവക്കല്ലറകളിലെ കൊത്തുപണികള്‍ക്ക്‌ ബൈബിള്‍ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും പ്രമേയങ്ങള്‍ സ്വീകരിച്ചു തുടങ്ങിയത്‌ ഈ ഘട്ടത്തിലാണ്‌.

റാവെന്ന. പുരാതനകാലത്തിനും മധ്യയുഗത്തിനും ഇടയ്‌ക്കുള്ള ഘട്ടത്തില്‍ ഏകദേശം രണ്ടു ശതകത്തോളം റാവെന്ന നഗരം ഇറ്റാലിയന്‍ കലകളുടെ പ്രഭവകേന്ദ്രമായി വര്‍ത്തിച്ചു. ഹൊണോറിയസ്‌ ചക്രവര്‍ത്തി ഈ നഗരത്തില്‍ ആധിപത്യമുറപ്പിച്ചതുമുതല്‍ (402) ലൊംബാര്‍ഡ്‌ ആക്രമണം നടക്കുന്നതുവരെയുള്ള (569-70) കാലയളവില്‍ റാവെന്ന ആയിരുന്നു ഇറ്റാലിയന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം. ഇക്കാലത്ത്‌ രാഷ്‌ട്രീയമായ പല ഗതിവിഗതികളും സംഭവിച്ചെങ്കിലും തലസ്ഥാനമെന്ന പദവി റാവെന്നയ്‌ക്കു നഷ്‌ടപ്പെട്ടില്ല. അസ്വസ്ഥതയുടെ ഈ കാലത്തുപോലും കലാസാംസ്‌കാരിക കാര്യങ്ങളില്‍ റാവെന്ന മുമ്പന്തിയില്‍ത്തന്നെ നിന്നിരുന്നു. തിയോഡോറിക്കിലെ പ്രസിദ്ധമായ സ്‌മാരകകുടീരം പണിതുയര്‍ത്തിയത്‌ ഇക്കാലത്താണ്‌. നുവോവോയിലെ വിശുദ്ധ അപോളാനേയര്‍ ദേവാലയവും വി. വിറ്റല്‍ ദേവാലയവും റാവെന്ന കലയുടെ ചിരപ്രതീകങ്ങളായി നിലകൊള്ളുന്നു. വി. വിറ്റല്‍ ദേവാലയത്തെ ബൈസാന്തിയന്‍ വാസ്‌തുവിദ്യയുടെ ഉദാത്തമാതൃകയായി കരുതാം. ഈ കാലഘട്ടത്തില്‍ പല ആക്രമണകാരികള്‍ക്കും ഇറ്റലി അധീനമായിട്ടുണ്ടെങ്കിലും അവരില്‍ ലൊംബാര്‍ഡുകളില്‍നിന്നു (569-773) മാത്രമാണ്‌ കലയുടെ പുരോഗതിക്ക്‌ എന്തെങ്കിലും തടസ്സം നേരിട്ടിട്ടുള്ളത്‌. സംസ്‌കാരധ്വംസകരായ ലൊംബാര്‍ഡുകളുടെ ആക്രമണംമൂലം ഏകദേശം 200 വര്‍ഷത്തോളം കലാമൂല്യമേറിയ പുതിയ ശില്‌പങ്ങളൊന്നും രൂപംകൊണ്ടില്ല.

ബാഹ്യസ്വാധീനങ്ങള്‍. ലൊംബാര്‍ഡുകളെ ഷാര്‍ലിമാന്‍ പരാജയപ്പെടുത്തിയതിനുശേഷം കലാരംഗത്ത്‌ പുതിയൊരു ചൈതന്യം ദൃശ്യമായി. വൈവിധ്യം പുലര്‍ത്തുന്ന ശില്‌പങ്ങള്‍ പലതും ഇക്കാലത്തു നിര്‍മിതമായി. ആസ്വാദനക്ഷമങ്ങളായ മികച്ച കലാശില്‌പങ്ങളുടെ ആവിര്‍ഭാവകാലമായിരുന്നു ഇത്‌. പഴയനിയമത്തിലെ അപ്രധാനകഥകള്‍പോലും ശില്‌പരചനയ്‌ക്കു വിഷയങ്ങളായി സ്വീകരിച്ചുതുടങ്ങിയതും വൈദേശിക സാംസ്‌കാരികാതിപ്രസരത്തിന്‌ ഇറ്റാലിയന്‍കല വിധേയമായിത്തീര്‍ന്നതും ഇക്കാലത്തായിരുന്നു. ഈ കാലഘട്ടത്തിലുണ്ടായ ദേശീയവും വിദേശീയവുമായ സംസ്‌കാരസമന്വയത്തിന്റെ ഫലമായി ഇറ്റാലിയന്‍ കല സ്വന്തം രൂപഭാവഭംഗികള്‍ പൂണ്ടുകൊണ്ട്‌ തഴച്ചുവളരാന്‍ തുടങ്ങി. ഇറ്റാലിയന്‍ കലയുടെ ആവിര്‍ഭാവകാലവും ഫ്രഞ്ചു റൊമാനെസ്‌ക്‌ കാലഘട്ടത്തിന്റെ ആരംഭകാലവും ഏതാണ്ട്‌ സമാനകാലത്തുതന്നെ ആയിരുന്നുവെങ്കിലും ഇറ്റാലിയന്‍ റൊമാനെസ്‌ക്‌ ദശയ്‌ക്കാണ്‌ കൂടുതല്‍ സുസ്ഥിരത ലഭിച്ചത്‌. ഇക്കാരണത്താല്‍ ഇറ്റലിയില്‍ ഗോഥിക്‌ ശൈലിയുടെ ആവിര്‍ഭാവം ഉണ്ടാകാന്‍ പിന്നെയും വളരെക്കാലം വേണ്ടിവന്നു. പില്‌ക്കാലത്ത്‌ ഗോഥിക്‌ ശൈലിയുടെ സ്വാധീനം ദേവാലയങ്ങളുടെയും അതോടു ബന്ധപ്പെട്ട മറ്റു മന്ദിരങ്ങളുടെയും നിര്‍മാണത്തിലാണ്‌ പ്രകടമായിട്ടുള്ളത്‌. ഇവയില്‍ പലതും പില്‌ക്കാലത്ത്‌ നാശോന്മുഖമായിത്തീര്‍ന്നെങ്കിലും അവയുടെ അവശിഷ്‌ടങ്ങളില്‍ കാണുന്ന കലാസുഭഗത സവിശേഷശ്രദ്ധയര്‍ഹിക്കുന്നു.

ബൈസാന്തിയന്‍ കലയുമായുള്ള സമ്പര്‍ക്കംമൂലം ഇറ്റാലിയന്‍ റൊമാനെസ്‌ക്‌ കലയ്‌ക്ക്‌ പാശ്ചാത്യകലകളില്‍നിന്നും വ്യത്യസ്‌തമായ രൂപഭാവങ്ങള്‍ ലഭിച്ചു. ആല്‍പ്‌സ്‌ മുതല്‍ സിസിലി വരെയുള്ള പ്രദേശങ്ങള്‍ വിദേശീയാധിപത്യത്തിനു വിധേയമായിരുന്നു; എന്നാല്‍ ഈ പ്രദേശങ്ങളിലേതില്‍നിന്നു വ്യത്യസ്‌തമായി ഒരു നാഗരികത നിലവിലുണ്ടായിരുന്ന റോമില്‍ സ്വന്തവും സ്വതന്ത്രവുമായ ഒരു കലാപ്രസ്ഥാനം രൂപംകൊണ്ടിരുന്നു. കാസ്റ്റല്‍ സെന്റ്‌ എലിയ ഇതിനുദാഹരണമാണ്‌. ഇവിടെയുള്ള ഫ്രസ്‌കോകളുടെ നിര്‍മാതാക്കള്‍ റോമന്‍ കലാകാരന്മാരാണ്‌. ഇവര്‍ കോസ്‌മാറ്റി കുടുംബത്തിലെ കലാകാരപരമ്പരയില്‍പ്പെടുന്നു. വെനീഷ്യന്‍ വാസ്‌തുവിദ്യയിലും മൊസേക്കുകളിലും പൗരസ്‌ത്യദേശശൈലികളുടെ സ്വാധീനത വ്യക്തമായി കാണാം. വെറോണായിലും ഉത്തര ഇറ്റലി ഒട്ടാകെയും ബൈസാന്തിയന്‍ കലയുടെ സ്വാധീനതയാണ്‌ പ്രകടമായിരിക്കുന്നത്‌. സിസിലിയിലാകട്ടെ ഗ്രീക്കു-സാരസന്‍-നോര്‍മന്‍ കലാകാരന്മാരുടെ സംഭാവനകളാണ്‌ ഏറിയ പങ്കും. വെറോണായിലെ വി. സിനോ ദേവാലയത്തിന്റെ വാതില്‍ പണിതീര്‍ത്തത്‌ റെനിഷ്‌ വെങ്കല ശില്‌പികളാണ്‌. ഇതു പിന്നീട്‌ പിസായ്‌ക്കും മോണ്‍റിയലിനും മാതൃകയായി ഭവിച്ചു ഇറ്റലിയിലെ ആബട്ട്‌ ഡെസിഡെറിയസ്‌ ഗ്രീക്കു ചിത്രകാരന്മാരെ വരുത്തി അനേകം പള്ളികള്‍ നിര്‍മിച്ചത്‌ ഈ കാലഘട്ടത്തിലായിരുന്നു. 11-12 ശതകങ്ങളില്‍ ഫോര്‍മിസിലെ വി. ആന്‍ജലോ ദേവാലയത്തിന്റെ പണി പൂര്‍ത്തിയായി. ബൈസാന്തിയന്‍ ശില്‌പനിര്‍മാണരീതികളും ഇറ്റാലിയന്‍ കലാശൈലിയും സമന്വയിപ്പിച്ചുകൊണ്ടാണ്‌ ഇതു സാധ്യമാക്കിയത്‌. ഇറ്റലിയിലെ ഗോഥിക്‌ രീതിയിലുള്ള ആദ്യത്തെ മന്ദിരമായ വി. ഗാല്‍ഗോനോ നിര്‍മിച്ചത്‌ (1224) ഫ്രാന്‍സിലെ സിസ്റ്റെഷ്യന്‍ സന്ന്യാസിമാരാണ്‌. ഇക്കാലത്ത്‌ റോമാക്കാര്‍ വിദേശീയ മാതൃകകള്‍ സ്വീകരിച്ചിരുന്നുവെങ്കിലും അവയില്‍ സ്വന്തമായ പരിഷ്‌കാരങ്ങള്‍കൂടി വരുത്തുന്നതില്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കെട്ടിടങ്ങളുടെ മുഖപ്പുകള്‍ക്ക്‌ വേണ്ടുന്ന മാറ്റം വരുത്തുന്നതിലും ഇവര്‍ പ്രത്യേകം തത്‌പരരായിരുന്നു. സിയെനാ ദേവാലയത്തിലും ഒര്‍വിത്തോ ദേവാലയത്തിലും ഈ സവിശേഷത പ്രകടമായി കാണാം.

ഗോഥിക്‌ശൈലി. 14-ാം ശതകത്തില്‍ പണികഴിപ്പിച്ച ബൊളോഞ്ഞായിലെ വി. പെട്രാേണിയോ ദേവാലയവും മിലാനിലെ ദേവാലയവും വാസ്‌തുവിദ്യാവികസനത്തിന്റെ മനോഹരമാതൃകകളാണ്‌. ഇക്കാലത്തുതന്നെ ഗോഥിക്‌ശൈലിയും പ്രാബല്യത്തിലെത്തിയിരുന്നു. പലാസോ കമ്യൂണൊല്‍, പലാസോ ദെല്ലാ സിഞ്ഞോറിയാ, പലാസോ പുബ്ലിക്കോ എന്നീ മികവുറ്റ ടൗണ്‍ ഹാളുകള്‍ വാസ്‌തുവിദ്യാരംഗത്ത്‌ അന്നുണ്ടായ പുതിയ വികാസത്തെ വിളംബരം ചെയ്‌തു. ഇക്കാലം (14-ാം ശ.) വരെ ശില്‌പങ്ങളില്‍ അവയുടെ രചയിതാക്കളുടെ പേരുകള്‍ കൊത്തിവയ്‌ക്കുന്ന പതിവുണ്ടായിരുന്നില്ല; എന്നാല്‍ ശില്‌പകലാകോവിദന്മാരായ നിക്കോളാ പിസാനോ, ജക്കോപോഡെല്ലാക്വെര്‍സിയാ എന്നിവര്‍ അവരുടേതായ ശൈലി സ്വീകരിച്ചു കലാനിര്‍മാണമാരംഭിച്ചതോടെ പഴയരീതിക്കു മാറ്റംവന്നു. 13-ാം ശതകത്തിന്റെ അവസാനത്തോടെ ഇറ്റാലിയന്‍ കല ബൈസാന്തിയന്‍ സ്വാധീനതയില്‍നിന്നും മുക്തമായി. ഇതിനു മുന്‍കൈയെടുത്തത്‌ പ്രമുഖകലാകാരന്മാരായിരുന്ന ദുച്ചിയോ, സിമാബു, കവല്ലിനി എന്നിവരായിരുന്നു. ഇതോടെ ചിത്രനിര്‍മാണശൈലിക്കും വലിയ മാറ്റങ്ങള്‍ വന്നു. ഫ്രാന്‍സിസ്‌കന്‍ പ്രതിമനിര്‍മാണശൈലിയുടെ ആവിര്‍ഭാവം സിയെനാ, ഫ്‌ളോറന്‍സ്‌, റോം എന്നിവിടങ്ങളില്‍ പുതിയ ചിത്രരചനാപ്രവണതകള്‍ക്ക്‌ ജന്മം നല്‌കി. ഫ്‌ളോറന്റയിന്‍ പ്രസ്ഥാനം അടുത്ത ശതകം വരെ നിലനിന്നിരുന്നു. സിയെനാശൈലിയുടെ കാലം കുറേക്കൂടി നീണ്ടുനിന്നു. ഇതിന്റെ പ്രയോക്താക്കള്‍ ദുച്ചിയോ, സിമോണേ മാര്‍ട്ടിനി, ലോറെന്‍സെറ്റി സഹോദരന്മാര്‍ എന്നിവരും അവരുടെ പിന്‍ഗാമികളും ആണ്‌. സിയെനീസ്‌ ചിത്രകലയ്‌ക്ക്‌ അന്തര്‍ദേശീയഗോഥിക്കിന്റെ അതിപ്രസരത്തെ നേരിടേണ്ടിവന്നുവെങ്കിലും അതിനെ അതിജീവിക്കുവാന്‍ കഴിഞ്ഞുവെന്നത്‌ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വസ്‌തുതയാണ്‌.

സാന്‍ഡ്രാ ബോട്ടിസെല്ലി: വീനസ്സും മാഴ്‌സും-ടെമ്പാറചിത്രം

നവോത്ഥാനത്തിന്റെ ആരംഭം. 15-ാം ശ. ഇറ്റാലിയന്‍കലയുടെ ചരിത്രത്തില്‍ പൂര്‍വനവോത്ഥാനകാലം എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഈ കാലഘട്ടത്തില്‍ ഗോഥിക്‌ ശില്‌പശൈലി യൂറോപ്പൊട്ടാകെ ആധിപത്യം ചെലുത്തിക്കഴിഞ്ഞിരുന്നു. വെനീഷ്യന്‍ കൊട്ടാരങ്ങളിലെയും പ്രമുഖ ദേവാലയങ്ങളിലെയും വാസ്‌തുവിദ്യാശൈലി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌. ഫ്‌ളോറന്‍സിന്റേതായ ഒരു ക്ലാസ്സിക്‌ കലാപ്രസ്ഥാനം രൂപം കൊണ്ടതോടുകൂടി മധ്യകാല കലാസമ്പ്രദായങ്ങളില്‍നിന്നു ഭിന്നമായ മറ്റൊരു സ്വതന്ത്രശൈലി ആവിഷ്‌കൃതമായി. പ്രസിദ്ധ വാസ്‌തുവിദ്യാവിദഗ്‌ധനായ ഫിലിപ്പോ ബ്രൂണെല്ലെഷി പ്രമുഖ ശില്‌പിയായ ഡൊനാടെല്ലയോടൊപ്പം റോം സന്ദര്‍ശിക്കുകയും ക്ലാസ്സിക്‌ സമ്പ്രദായത്തിലുള്ള വാസ്‌തുവിദ്യയുടെ സാങ്കേതിക വൈശിഷ്‌ട്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട്‌ ഫ്‌ളോറന്‍സില്‍ തിരിച്ചെത്തുകയും ചെയ്‌തോടെയാണ്‌ തനതായ സ്വതന്ത്രശൈലി രൂപംകൊണ്ടുതുടങ്ങിയത്‌. എന്നാല്‍ ബ്രൂണെല്ലെഷി ഒരു പരിധിവരെ ഗോഥിക്‌ രീതിതന്നെ പിന്തുടര്‍ന്നിരുന്നു. ബ്രൂണെല്ലെഷിക്കുശേഷം ക്വാട്ട്രാസെന്റോ വാസ്‌തുവിദ്യ എന്ന പുതിയൊരു കലാശാഖ പ്രചാരത്തില്‍വന്നു. ഇത്‌ നവോത്ഥാനശൈലി എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. മൈക്കെലോസോ മെഡിസിക്കുവേണ്ടി വയാലര്‍ഗായില്‍ നിര്‍മിച്ച കെട്ടിടം (1444) ലിയോണ്‍ അല്‍ബെര്‍ട്ടി ബാറ്റിസ്റ്റാ സംവിധാനം ചെയ്‌ത പലാസോ റുസെല്ല (സു. 1446-51) എന്നിവ ഈ നൂതനശൈലിക്ക്‌ ഉദാഹരണങ്ങളാണ്‌.

വികാസത്തിന്റെ ഉച്ചകോടി. 15-ാം ശതകത്തിന്റെ അവസാനത്തോടെ ഇറ്റലി ഒട്ടാകെ മറ്റൊരു നവോത്ഥാനശൈലി നിലവില്‍വന്നു. ഈ പ്രസ്ഥാനത്തിന്റെ പ്രണേതാവായ ഡൊറ്റാട്ടെല്ലിയുടെ വാസ്‌തുശില്‌പവൈദഗ്‌ധ്യം രാജ്യമെങ്ങും വ്യാപിച്ചു. ഫ്‌ളോറന്റയിന്‍ ചിത്രകലയ്‌ക്കു വളരെയധികം പ്രചാരം ലഭിച്ചു. ഫ്‌ളോറന്റയിന്‍ പ്രസ്ഥാനത്തിലെ പ്രമുഖപ്രവര്‍ത്തകര്‍ ഫ്രാ ആന്‍ജെലിക്കോ, പൗളോ ഉച്ചെല്ലോ, മസാക്കിയോ എന്നിവരാണ്‌. ഇവര്‍ക്കുശേഷം ഫ്രാ ഫിലിപ്പോലിപ്പി, ആന്‍ഡ്രിയാ ദെല്‍, ഡൊമിനിക്കോ ഗിര്‍ലാന്‍ഡിയോ എന്നീ കലാകാരന്മാരും മികച്ച സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. ഇക്കാലത്ത്‌ അംബ്രിയയില്‍ പീയറോഡെല്ലാ ഫ്രാന്‍സിസ്‌കാ എന്ന പ്രഗല്‌ഭശില്‌പി തനതായ ഒരു കലാസമ്പ്രദായം ആസൂത്രണം ചെയ്‌തു. പില്‌ക്കാലത്ത്‌ ഇദ്ദേഹത്തിന്റെ രീതി മെലോസ്സോ ദാഫോര്‍ലി, ലുകാസിഞ്ഞോറെല്ലി എന്നിവരെ ശക്തിയായി സ്വാധീനിച്ചു. ക്വാട്ടോസെന്റോയുടെ അവസാന കാലമായപ്പോഴേക്കും ഫ്‌ളോറന്‍സ്‌ "മുന്‍പന്തി'ക്കാരുടെ (Avante garde) കേന്ദ്രമായി മാറിയിരുന്നു. ഇക്കാലത്താണ്‌ പ്രമുഖ ചിത്രരചയിതാക്കളായ അലെസാഡ്രാബോട്ടിസെല്ലി, ഫിലിപ്പിനോലിപ്പി എന്നിവര്‍ പ്രശസ്‌തിയിലേക്കുയര്‍ന്നത്‌. ഈ കാലഘട്ടത്തില്‍ ഉത്തര ഇറ്റലിയില്‍ ആന്‍ഡ്രിയാമന്റെഗ്നായുടെ സ്വാധീനതയ്‌ക്കും പ്രാബല്യം ലഭിച്ചിരുന്നു. വെനീസില്‍ ബെല്ലനി, വിറ്റോറെ കര്‍പാച്ചിയോ, ജോര്‍ജിയോ എന്നിവര്‍ പുതിയൊരു കലായുഗത്തിനു പശ്ചാത്തലമൊരുക്കിയതും ഇക്കാലത്തുതന്നെയായിരുന്നു.

ടിഷ്യന്‍: ജിപ്‌സി മഡോണ

മധ്യകാലത്തെയും പൂര്‍വനവോത്ഥാനകാലത്തെയും ചിത്രകലാരീതികള്‍ തമ്മിലുള്ള പൊതുവായ വ്യത്യാസം മധ്യകാലചിത്രകല പൂജാവിഗ്രഹരചനയ്‌ക്കു പ്രാമുഖ്യം നല്‌കിയിരുന്നു എന്നതാണ്‌. ആദ്യകാലങ്ങളില്‍ മതപരമായ വിഷയങ്ങള്‍ മാത്രമാണ്‌. ഇതിലേക്കു സ്വീകരിച്ചിരുന്നത്‌. പില്‌ക്കാലത്ത്‌ ഇതില്‍നിന്നു ഭിന്നമായി ഛായാചിത്രങ്ങള്‍, പുരാണേതിഹാസ സംബന്ധികളായ വിഷയങ്ങള്‍, മതേതര രചനകള്‍ തുടങ്ങിയവയും പ്രമേയങ്ങളായിത്തീര്‍ന്നു. ഇക്കൂട്ടത്തില്‍ ഡുച്ചിയോയുടെ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നിബിഡമായ മനുഷ്യരൂപങ്ങള്‍ തമ്മില്‍ അന്യോന്യം സ്‌പര്‍ശിക്കാതെ നില്‌ക്കുന്ന ഭാവം പ്രകടമായിരുന്നു.

ഡാവിഞ്ചി, മൈക്കല്‍ ആഞ്‌ജലോ, റാഫേല്‍. 15-ാം ശതകത്തിന്റെ അന്ത്യംവരെ ഫ്‌ളോറന്‍സ്‌ ഇറ്റാലിയന്‍ കലയുടെ സിരാകേന്ദ്രമായിരുന്നു; എന്നാല്‍ 16-ാം ശതകമായപ്പോള്‍ ഈ മഹത്ത്വം വീണ്ടും റോമിനു ലഭിച്ചു. 1503-ല്‍ മാര്‍പ്പാപ്പയായി അവരോധിക്കപ്പെട്ട ജൂലിയസ്‌ രണ്ടാമന്‍ മൈക്കല്‍ ആഞ്‌ജലോയെയും റാഫേലിനെയും റോമിലേക്കു ക്ഷണിച്ചു; പ്രമുഖ ചിത്രകാരനായ ബ്രമാന്റേയും റോമിലേക്കു വന്നു. ബ്രമാന്റേയുടെ സംഭാവനയായ നൂതനക്ലാസ്സിക്‌ ശൈലി റോമിലും ടസ്‌കനിയിലും ലൊംബാര്‍ഡിലും ഇറ്റലി ഒട്ടാകെയും പ്രചാരം നേടി. പലാസോ ഫാര്‍നെസെ രീതിയിലുള്ള റോമന്‍കൊട്ടാരങ്ങള്‍ നാഗരികവസതികള്‍ക്കുള്ള മാതൃകകളായി അംഗീകരിക്കപ്പെട്ടു. അനന്തര കാലത്ത്‌ ആന്‍ഡിയാ പല്ലാഡിയോ ക്ലാസ്സിക്‌ വാസ്‌തുവിദ്യയുടെ ഛായയില്‍ നിര്‍മിച്ച പോര്‍ട്ടിക്കോകളും മുഖപ്പുകളും പിന്‍തലമുറകളെയും സ്വാധീനിക്കുകയുണ്ടായി. ഇറ്റലിക്കു പുറത്തും ആ മാതൃകകള്‍ക്ക്‌ അംഗീകാരം ലഭിച്ചിരുന്നു.

പൂര്‍വനവോത്ഥാനം ഗോഥിക്‌ രീതിയെ കവച്ചുവയ്‌ക്കുന്ന തരത്തിലുള്ളതായിരുന്നു. 16-ാം ശതകത്തില്‍ അവയുടെ സങ്കേതങ്ങള്‍ വളരെ സങ്കീര്‍ണങ്ങളായി. സമകാലീന സാഹിത്യസൃഷ്‌ടികളില്‍നിന്നുള്ള പ്രമേയങ്ങളും ഇവരുടെ ശില്‌പരൂപങ്ങള്‍ക്കു വിഷയീഭവിച്ചു. ഒവീഡിയന്‍പുരാണങ്ങള്‍ (metamorphoses) ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. വത്തിക്കാനിലെ സ്റ്റാന്‍സാ ഡെല്ലാസെഗ്നാറ്റുറയിലെ റാഫേലിന്റെ ചിത്ര(Disupta)വും പ്രശസ്‌തമാണ്‌. ഇക്കാലത്താണ്‌ പ്രമുഖ ചിത്രകാരന്മാരായ ലിയനാര്‍ഡോ ഡാവിഞ്ചി, മൈക്കല്‍ ആഞ്‌ജലോ, റാഫേല്‍ എന്നിവര്‍ കലാരംഗത്തെത്തിയത്‌. ഈ കാലഘട്ടത്തില്‍ കലാസൃഷ്‌ടികളെ കേന്ദ്രമാക്കിക്കൊണ്ടുള്ള ഒരു സാഹിത്യപ്രസ്ഥാനംതന്നെ രൂപംകൊണ്ടു. ഡാവിഞ്ചി, മൈക്കല്‍ ആഞ്‌ജലോ, റാഫേല്‍ എന്നിവരെ ലോകം ആരാധിക്കുകയും അവരുടെ കലാസംഭാവനകളെക്കുറിച്ച്‌ ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കപ്പെടുകയും ചെയ്‌തു. ഈ കലാകോവിദന്മാരുടെ കാലത്തിനുശേഷം ചിത്രശില്‌പകലകള്‍ക്കു വേണ്ടത്ര പ്രാേത്സാഹനം ലഭിക്കാതെപോയി.

ചാള്‍സ്‌ 5-ാമന്റെ രംഗപ്രവേശവും സ്‌പാനിഷ്‌ ആക്രമണവും ട്രന്റ്‌ കൗണ്‍സിലിന്റെ തുടക്കവും (1545) കലാവികസനത്തെ പ്രതികൂലമായി ബാധിച്ചു. ബ്രമാന്റെയുടെ പാരമ്പര്യം ഒരു പരിധിവരെ തുടര്‍ന്നു. ബറോക്‌ യുഗത്തിന്റെ തുടക്കവും ഏതാണ്ട്‌ ഇക്കാലത്തായിരുന്നു. ഈ കാലത്ത്‌ ജീവിച്ചിരുന്ന പ്രമുഖകലാകാരന്മാരുടെ രചനാരീതികള്‍ മാതൃകകളാക്കിക്കൊണ്ട്‌ പല പുതിയ കലാകാരന്മാരും രംഗപ്രവേശം ചെയ്‌തു. ബാച്ചിയോ ബാന്റിയെല്ലി, ബര്‍തോലോമ്യോ അമ്മാനാതി എന്നിവര്‍ ഇക്കൂട്ടരില്‍ സവിശേഷപരാമര്‍ശം അര്‍ഹിക്കുന്നു. റാഫേലിനെയും ആന്‍ഡ്ര ദെല്‍ സാര്‍തേയെയും അനുകരിച്ചുകൊണ്ടുമാത്രം ചിത്രകലാരംഗത്ത്‌ വന്നവരും ഉണ്ട്‌ (ഉദാ. അന്റോണിയോ കൊറേഗിയോ, ഗിയുളി പൊറോമാനേ തുടങ്ങിയവര്‍). വെനീസ്‌ മാത്രം ഈ തകര്‍ച്ചയില്‍നിന്നും രക്ഷപ്പെട്ടു. 16-ാം ശതകത്തിന്റെ രണ്ടാംപാദത്തില്‍ വെനീസ്‌ ഫ്‌ളോറന്‍സിനെയും റോമിനെയും അതിശയിക്കുന്നതരത്തില്‍ കലാരംഗത്ത്‌ സ്വന്തമായ ആധിപത്യം സ്ഥാപിച്ചെടുത്തു. ടിഷ്യാന്‍ പവുളോ വെര്‍ണോസെ, ടിന്റേറെറ്റോ എന്നിവരാണ്‌ വെനീസിന്റെ മഹത്തായ പാരമ്പര്യം നിലനിര്‍ത്തിയത്‌.

ജെസ്യൂട്ട്‌-ബറോക്ക്‌ശൈലികള്‍. ജിയാകോമോഡിവിഗ്നോളോ സംവിധാനം ചെയ്‌തതനുസരിച്ച്‌ റോമില്‍ 1568-ല്‍ നിര്‍മാണമാരംഭിച്ച ജെസ്യൂട്ട്‌ ദേവാലയത്തിന്റെ പണിപൂര്‍ത്തിയാക്കിയത്‌ ജിയാകോമോ ഡെല്ലാപോര്‍ട്ടായാണ്‌ (1577-84); ഡെല്ലാപോര്‍ട്ടാ തന്നെയാണ്‌ ഇതിന്റെ മുഖപ്പു സംവിധാനം ചെയ്‌തത്‌. ഇതോടെ വാസ്‌തുവിദ്യയില്‍ ഒരു പുതിയ ശൈലി രൂപംകൊണ്ടു. ഇതിനെ ജെസ്യൂട്ട്‌ ശൈലി എന്ന്‌ ചിലര്‍ തെറ്റായി വിളിച്ചെങ്കിലും ആ പേരിനു പരക്കെ അംഗീകാരമുണ്ടായില്ല. ഇതിനുശേഷം ബറോക്‌ എന്ന പേരില്‍ മറ്റൊരു ശൈലി പ്രചാരത്തില്‍വന്നു. ഇതിന്റെ പ്രയോക്താക്കള്‍ ഗിയാന്‍ലൊറെന്‍സോ ബെര്‍നിനിയും ഫ്രാന്‍സെസ്‌കോ ബെറോമിനിയുമാണ്‌. നിഴലും വെളിച്ചവും കൊണ്ടുള്ള സംരചനയാണ്‌ ബറോക്ക്‌ ശൈലിക്ക്‌ നിദാനം. ഇവരോടൊപ്പം പ്രശസ്‌തനാണ്‌ ഒറാസിയോഗ്രാസി. ഇദ്ദേഹത്തിന്റെ സംവിധാനത്തില്‍ പണികഴിപ്പിച്ച സെന്റ്‌ ഇഗ്നാസിയോ ദേവാലയം റോമന്‍ ബറോക്കിന്റെ ഉത്തമദൃഷ്‌ടാന്തമാണ്‌. ബെര്‍നിനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ദേവാലയത്തിലെ "ആയിരം കാല്‍മണ്ഡപം' (colomade, 1655-57) ബറോക്ക്‌ ശൈലിക്ക്‌ നല്ലൊരു ഉദാഹരണമാണ്‌.

ബറോക്കും റൊകോകോയും. വെനീസും ടൂറിനും ഇക്കാലത്ത്‌ നിഷ്‌ക്രിയമായിരുന്നില്ല. ഇവിടെയും ബള്‍ഡാസ്സറെ ലോങ്ങേന, ഗ്വാറിനോ ഗ്വാറിനി എന്നിവര്‍ അവരുടെ വാസ്‌തുവിദ്യാവൈഭവം ശരിക്കും പ്രയോജനപ്പെടുത്തി. ബറോക്ക്‌ മാതൃകയിലുള്ള തിയെറ്ററുകള്‍ എല്ലാ സ്ഥലങ്ങളിലും ഉയര്‍ന്നുവന്നു; ഇതോടൊപ്പം ചിത്രകലയ്‌ക്കും ഗണ്യമായ വികാസം അനുഭവപ്പെട്ടു. കരാസ്സി, ഗ്വിഡേറെനി എന്നിവരുടെ നേതൃത്വത്തില്‍ വികാസം പൂണ്ട ബൊളോഞ്ഞാ പ്രസ്ഥാനം പുരാണകഥകളെ ആസ്‌പദമാക്കിയുള്ള ചിത്രകലയില്‍ പ്രമുഖസ്ഥാനം വഹിക്കുന്നു. ഇതോടൊപ്പം പ്രാമുഖ്യമര്‍ഹിക്കുന്ന മറ്റൊരു ചിത്രകലാശാഖയാണ്‌ കരവാഗോയുടേത്‌. 17-ാം ശതകത്തിന്റെ അന്ത്യത്തോടെ ബറോക്ക്‌ കലയ്‌ക്കു മങ്ങലേറ്റു. അതിന്റെ സ്ഥാനത്ത്‌ ജനാലകളുടെയും മണ്ണിന്റെയും മറ്റു കൃത്രിമ പ്രതിഭാസങ്ങള്‍ സൃഷ്‌ടിക്കുന്ന ട്രോംപെ-ലോയിന്‍ നിലവില്‍വന്നു. ജെസ്യൂട്ട്‌ ആന്‍ഡ്രിയാപൊസ്സേ 1691-94-ല്‍ റോമിലെ സെന്റ്‌ ഇഗ്നാസികോ ദേവാലയത്തില്‍ നിര്‍മിച്ച മേല്‍ക്കൂര ഇതിനുദാഹരണമാണ്‌. 18-ാം ശതകത്തില്‍ ബറോക്ക്‌ വീണ്ടും ഔന്നത്യത്തിലെത്തി. റൊകോകോ ശില്‌പകല എന്ന പേരിലാണ്‌ ഇത്‌ പിന്നീട്‌ പ്രചരിച്ചത്‌. ഗിയാംബാറ്റിസ്റ്റാ ടീപോളോയാണ്‌ ഈ പുതിയ തലമുറയുടെ നേതാവ്‌. ടീപോളോയുടെ രചനകള്‍ക്ക്‌ വേറോനിസെയുടെ രചനകളോട്‌ അടുത്ത സാദൃശ്യമുണ്ട്‌. 18-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ നവീനക്ലാസ്സിസമെന്ന പുതിയ ശൈലി രൂപം കൊണ്ടു. 1800-ല്‍ അത്‌ അത്യുന്നതസ്ഥാനത്തെത്തുകയും 1830 വരെ പ്രശസ്‌തമായി നിലനില്‌ക്കുകയും ചെയ്‌തു. ഈ നവീന ക്ലാസ്സിക്കല്‍ വാസ്‌തുവിദ്യയ്‌ക്കു നേതൃത്വം നല്‌കിയത്‌ ലുഗിനിവാന്‍ വിറ്റെല്ലിയായിരുന്നു.

നവക്ലാസ്സിസം. വാന്‍വിറ്റെല്ലിയുടെ ശിഷ്യനായ ഗിയുസെപ്പെ പീമാനിയാണ്‌ മിലാനിലെ ലാസ്‌കാലാ ഓവെറാ പണികഴിച്ചത്‌. പ്രമുഖ വെനീഷ്യന്‍ ശില്‌പിയായ അന്റോണിയോ കനോവായാണ്‌ നവക്ലാസ്സിസത്തിലെ പ്രമുഖപ്രവര്‍ത്തകന്‍. അദ്ദേഹത്തിന്റെ ശില്‌പഭംഗി തികഞ്ഞ കലാസൃഷ്‌ടികള്‍ യൂറോപ്പൊട്ടാകെ പ്രശസ്‌തമായി. ജര്‍മന്‍ശില്‌പിയായ യൊഹാന്‍ യോചിം വിങ്കല്‍മാന്റെ രചനകളില്‍നിന്ന്‌ പ്രചോദനംകൊണ്ട കനോവാ തന്റേതായ ഒരു നിര്‍മാണരീതി ആവിഷ്‌കരിച്ചിരുന്നു. നവക്ലാസ്സിസത്തിന്റെ തകര്‍ച്ചയ്‌ക്കുശേഷം റൊമാന്റിസിസം ആവിര്‍ഭവിച്ചു. ഇറ്റലിയില്‍ ആഭ്യന്തരക്കുഴപ്പങ്ങളുടെ കാലഘട്ടമായിരുന്നു ഇത്‌. റൊമാന്റിക്‌ ശൈലിയില്‍ നിര്‍മിക്കപ്പെട്ട ഗിയുസെപ്പെജപെല്ലിയുടെ കഫെപെഡ്രാേച്ചിയിലെ ഗോഥിക്‌ അനെക്‌സ്‌ (1816-31), നിക്കോളോ മതാസിന്റെ വി. ക്രാേസെ ദേവാലയത്തിന്റെ മുഖപ്പ്‌ (1857-63), കവി ലോബോയിറ്റോയുടെ മിലാനിലെ "ഗായകഭവനം' എന്നീ ശില്‌പസൗധങ്ങള്‍ വിശ്വപ്രസിദ്ധങ്ങളായി ഇന്നും നിലകൊള്ളുന്നു. 1855 മുതല്‍ 1911 വരെയുള്ള കാലത്ത്‌ യുസെപ്പെസാക്കോണിയുടെ സംരചന അനുസരിച്ച്‌ വിക്‌ടര്‍ എമ്മാനുവല്‍ II-ന്‌ ഒരു സ്‌മാരകം നിര്‍മിതമായി. ചിത്രകലാമേഖലയില്‍ റൊമാന്റിസിസത്തിന്റെ തുടര്‍ച്ചയായിവന്നത്‌ വെറിസം എന്ന ശാഖയാണ്‌. ഇതിന്റെ നേതാവ്‌ ജിയോവന്നി ഫാറ്റോറിയാണ്‌. 1860-നു ശേഷം റ്റാകിസ്റ്റ്‌ ചിത്രകാരന്മാര്‍ രംഗത്തുവന്നു. ഇവര്‍ക്കു സാങ്കേതിക നേതൃത്വം നല്‌കിയത്‌ ഫ്‌ളോറന്റിയന്‍ അഡ്രിയാനോ സെസിയോണിയായിരുന്നു. സെസിയോണിയുടെ കാലത്താണ്‌ ഇംപ്രഷണിസം എന്ന നൂതനശാഖ നിലവില്‍ വന്നത്‌. ഇതിന്റെ നേതാവ്‌ മെഡാര്‍സോ റോസോയാണ്‌. ഇതിന്റെ തുടര്‍ച്ചയായി രണ്ടു ശാഖകളുണ്ടായി; ഫ്യൂച്ചറിസവും അതിഭൗതിക പെയിന്റിങ്ങും.

പുതിയ സങ്കല്‌പങ്ങളും സിദ്ധാന്തങ്ങളും. ഫ്യൂച്ചറിസത്തിനു ക്യൂബിസത്തോടാണ്‌ അടുപ്പം, കാര്‍ലോ കാറാ, ഗിനോ സെവെറിനി എന്നിവരുടെ ചിത്രകലയിലും ഉംബെര്‍ട്ടോ ബോച്ചിയോനി ശില്‌പകലയിലും പ്രാവീണ്യം നേടി. വാസ്‌തുവിദ്യയില്‍ മികച്ച കലാകാരനാണ്‌ അന്റോണിയോ സാന്റ്‌ എലിയ. "അതിഭൗതിക' (metaphysical) ശാഖയിലെ പ്രമുഖരാണ്‌ കാറാ, ഗിയോര്‍ ഗിപോഡേ, ചിറികോ എന്നിവര്‍. ഈ രണ്ടു ശാഖകളെയും അതിശയിച്ചുകൊണ്ട്‌ ആധുനികതയുടെ തുടക്കം കുറിച്ചത്‌ അമേഡിയോ മോഡിഗ്ലാനിയാണ്‌. അദ്ദേഹം ശുദ്ധമായ ഫ്‌ളോറന്റയിന്‍ പാരമ്പര്യത്തിന്റെ സവിശേഷതകള്‍ സ്വീകരിച്ചുകൊണ്ട്‌ ആധുനികതയ്‌ക്കു കളമൊരുക്കി.

ഒന്നാംലോകയുദ്ധവും ഫാഷിസത്തിന്റെ ആവിര്‍ഭാവവും കലാരംഗത്ത്‌ കനത്ത ആഘാതങ്ങളേല്‌പിച്ചു. ഈ തകര്‍ച്ചയില്‍നിന്നും കലയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരില്‍ പ്രധാനികള്‍ ഗോര്‍ഗിയോ മൊറാന്‍ഡി, മാസ്സിമോ കാംപിഗ്ലി എന്നിവരാണ്‌. പാരിസിനെ കേന്ദ്രമാക്കിയ കലാസിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട്‌ പ്രാചീന പാരമ്പര്യം നിലനിര്‍ത്തുവാന്‍ അവര്‍ ശ്രമിച്ചു. അല്‍ബെര്‍ട്ടോ മാഗ്നെല്ലി തികച്ചും നവീനമായ അമൂര്‍ത്തകലയ്‌ക്കു രൂപം നല്‌കുകയും കലാരചനയെ സംബന്ധിച്ചു നിലവിലിരുന്ന സങ്കല്‌പങ്ങള്‍ക്കു ചലനമുളവാക്കുകയും ചെയ്‌തു.

രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ഇറ്റലി വീണ്ടും സജീവമായി. അവിടെ 1938 മുതല്‍ കലയുടെ പുനരുത്ഥാനം ദൃശ്യമായി. 1946-ല്‍ ഇത്‌ പൂര്‍വാധികം സമ്പന്നമായി. അമൂര്‍ത്തകലയുടെ പ്രതിനിധികള്‍ റെനാറ്റോ ബിറോളി, അല്‍ബെര്‍ട്ടോ ബുറി, ഗുയിസെപ്പെ സാന്റോമാസോ, എമിലിയോ വെഡോവോ എന്നിവാണ്‌. ഇവരോടൊപ്പം പ്രവര്‍ത്തിച്ച ബെര്‍ട്ടോലാര്‍ഡെറാ, ഉംബെര്‍ട്ടോ മാസ്റ്റ്രാേറായിയാന്നി, ലുസിയാനോ വിന്‍ഗുസ്സി, പീട്രാേ കോണ്‍സാഗ്രാ എന്നീ ശില്‌പികളും ആസ്വാദകശ്രദ്ധയെ ആകര്‍ഷിച്ചവരാണ്‌.

രണ്ടാംലോകയുദ്ധത്തിനുശേഷം അന്താരാഷ്‌ട്രപ്രശസ്‌തരായിത്തീര്‍ന്ന ഗിയോമോന്റി, ഇഗ്നാസിയോ ഗിര്‍ഡെല്ല, ആനിബളേഫിയോച്ചി, ലൂയിനി നെര്‍വി എന്നീ കലാകാരന്മാര്‍ കലാരംഗത്ത്‌ പുതിയൊരു "മാനം' സൃഷ്‌ടിച്ചവരാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍